Tuesday 5 November 2013

ഉറവകള്‍ തേടി - പ്രകാശനം

പൊതു വിദ്യാലയങ്ങള്‍ പൊതു ഇടമാണ്. മതജാതി സാമ്പത്തിക വേര്‍തിരിവില്ലാതെ ഭാരതത്തിന്റെ ഭാവി തോളോടു തോളു ചേര്‍ന്നിരിന്നു പഠിക്കുന്നിടം. പാഠപുസ്തകത്തിലെ ഉളളടക്കത്തിനു പുറമേ വിശാലമായ സാമൂഹിക വീക്ഷണം രൂപപ്പെടുത്തുന്നതിന് പൊതുയിടത്തിലെ വിദ്യ വലിയപങ്കുവഹിക്കുന്നു. വിശാലമായ സാമൂഹിക വീക്ഷണമുളളവരേ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാന്‍ സന്നദ്ധമാകൂ. മക്കളെ പൊതുവിദ്യാല.ങ്ങളില്‍ ചേര്‍ക്കാന്‍ തയ്യാറാകൂ.മികവിനായി ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കൂ.

                 കൂടുതല്‍ ഗുണനിലവാരത്തിനുവേണ്ടിയുളള അന്വേഷണത്തിലാണ് സമൂഹം. എല്ലാ മേഖലകളിലും കൂടുതല്‍ കാര്യക്ഷമതയ്ക്കുവേണ്ടിയുളള പരിശ്രമം. വിദ്യാഭ്യാസത്തിലും അത്തരം മുന്നിട്ടിറക്കങ്ങള്‍ ആവശ്യമാണ്.കാലത്തിന്റെ മുമ്പില്‍ സ്വയം പുരാവസ്തുവാകാന്‍ ഒരധ്യാപികയും വിദ്യാലയവും ആഗ്രഹിക്കുന്നില്ല.എന്നാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നവര്‍ ആളോചിക്കുന്നുമില്ല.ഔദ്യോഗികസംവിധാനങ്ങളെ മാത്രം ആശ്രയിച്ചുളള അക്കാദമിക പ്രവര്‍ത്തനം അധ്യാപകരുടെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കില്ല. എവിടെയെല്ലാം വിദ്യാലയമികവുണ്ടോ അവിടെയെല്ലാം അതാതിടങ്ങളിലെ അധ്യാപകരുടെ സര്‍ഗാത്മക ഇടപെടല്‍ കാണാം. അധ്യാപകരുടെ അന്വേഷണങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയണം.അതിനു ഇന്ന് വേദികള്‍ കുറവാണ്. ഈ ജേണല്‍ അത്തരം ഒരു ധര്‍മം ഏറ്റെടുക്കുകയാണ്. ഒരു പക്ഷേ കേരളത്തിലാദ്യമാകും ഇങ്ങനെയൊരു സംരംഭം.

വിദ്യാലയത്തിനുളളില്‍, ക്ലാസുകളില്‍, വിവിധവിഷയങ്ങളില്‍, നടക്കുന്ന നാനാതരം മികവുകള്‍ സമൂഹം അറിയുന്നില്ല. അവ നിരന്തരം സമൂഹത്തിലേക്ക് പ്രേഷണം ചെയ്യേണ്ടതുണ്ട്. ക്ലാസ് പിടി എ യിലെ പങ്കുവെക്കലിന്‍ പലപ്പോഴും ആഴം കുറയും. തെളിവുകളും പ്രക്രിയയും പരിചയപ്പെടുത്തി യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ ഫലം എന്താണെന്ന് സമൂഹത്തേ ബോധ്യപ്പെടുത്താനുളള അവസരം എന്ന നിലയിലും ഈ പ്രസിദ്ധീരണദൗത്യത്തെ കാണേണ്ടതുണ്ട്.
 സാമൂഹികജ്ഞാനനിര്‍മിതവാദവും ഭാഷാസമഗ്രതാദര്‍ശനവും ബഹു
മുഖബുദ്ധിയും വിമര്‍ശനാത്മകബോധനവും സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. അവയുടെ സാധ്യതകള്‍ അന്വേഷിക്കുന്നതില്‍ ആലസ്യം കാട്ടുന്നവരും.സൈദ്ധാ൩ന്തികമായ കാര്യങ്ങളെ പ്രായോഗികാനുഭവം കൊണ്ടുദാഹരിക്കുമ്പോഴാണ് അത് തെളിച്ചം നല്‍കുക. കൂടുതല്‍ അധ്യാപകരെ കര്‍മോത്സുകരാക്കുക. ക്ലാസ് റൂം പ്രയോഗത്തിന്റെ അനുഭവങ്ങളാണ് ഈ ജണലില്‍ ഉണ്ടാവുക. ആധുനികബോധനശാസ്ത്ര സമീപനങ്ങളില്‍ വെളളം ചേര്‍ക്കാന്‍ തയ്യാറല്ലാത്ത അധ്യാപകരുടെ അധ്യയനാനുഭവങ്ങള്‍ പങ്കുവെക്കാനാകുന്നു എന്നത് ചരിത്രപരമായി കേരളം നേടിയ വളര്‍ച്ചയെയും സൂചിപ്പിക്കുന്നു.

                    പുതിയ അക്കാദമികശാക്തീകരണസാധ്യതകള്‍ തുറന്നിടണം. മുഖാമുഖുപരിശീലനത്തിന്റെ പരിമിതികള്‍ക്കു മറുപടി പ്രാദേശികമായി കണ്ടെത്തണം. നിലവാരമില്ലെന്ന കപടവാദം ഉയര്‍ത്തി പൊതുവിദ്യാലയങ്ങളെ ആക്രമിക്കുന്നവരെ
പ്രതിരോധിക്കണം.യുവതലമുറയാണ് നാളത്തെ രക്ഷിതാക്കള്‍.അവരിലേക്ക് ആശയങ്ങള്‍ എത്തിക്കണം. അക്കാദമികചര്‍ച്ചയുടെ സംസ്കാരം വളര്‍ത്തിയെടുക്കണം. കൂടുതല്‍ അധ്യാപകരുടെ സര്‍ഗാത്മകസംഘം രൂപപ്പെടണം..അതിന് ഇത്തരം ശ്രമങ്ങള്‍ പ്രചോദനം നല്‍കും.

            എറണാകുളം ജില്ലയിലെ പറവൂര്‍ കേന്ദ്രീകരിച്ച് ഒരു സംഘം അധ്യാപകര്‍ അവധി ദിനങ്ങളില്‍ നിരന്തരം കൂടുകയും അക്കാദമിക ചര്‍ച്ചകള്‍ നടത്തുകയും സ്വന്തം ക്ലാസ്സില്‍ അവ പ്രയോഗിച്ചു കരുത്തു തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. അവരുടെ അനുഭവങ്ങളാണ് ആദ്യലക്കത്തിലുളളത്.കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കായി ഇതു സമര്‍പ്പിക്കുന്നു.അവര്‍ക്കുവേണ്ടി ഹൃദയത്തിലേറ്റുവാങ്ങുക.

സ്നേഹത്തോടെ



No comments:

Post a Comment